Monday, January 5, 2015

താലി - ബന്ധനം

ഇന്നലെയുടെ താളുകളില്‍
അവളായിരുന്നു എനിക്കെല്ലാം 
എന്‍റെ സ്വപ്നവും 
പ്രണയവും പ്രാണനും 
സങ്കല്‍പ്പവും ജീവിതവും,

ഇന്നിന്‍റെ വഴികളില്‍ 
ഞാന്‍ കൊതിച്ചതും
ആ താളുകളില്‍ നിറ - 
മണിഞ്ഞു നില്‍ക്കാന്‍,

താലിയില്‍ കുരുക്കിയ 
ജീവിതം ബന്ധനമെന്നറിഞ്ഞ 
നിമിഷങ്ങളില്‍ 

പൊട്ടിച്ചെറിയാന്‍- 
പോലും 
കഴിയാത്ത വിധം 
മുറുകിയിരുന്നു ..

Tuesday, December 23, 2014

കറിവേപ്പില

സ്വപ്‌നങ്ങള്‍ തന്‍ അഭ്രപാളിയില്‍ 
പ്രവാസത്തിന്‍റെ  കൈപ്പുനീരില്ലായിരുന്നു, 
ചിരകരിഞ്ഞ യൌവനങ്ങള്‍ക്ക്
വിയര്‍പ്പിന്‍റെ ഉപ്പുരസമായിരുന്നു,
ജീവിതയാഥാര്‍ത്യങ്ങള്‍ക്ക് മുന്നില്‍
ത്യാഗത്തിന്‍റെ പുളിപ്പുമായിരുന്നു,
നിറവേറിയ  സാക്ഷാല്‍ക്കാരങ്ങള്‍ക്ക്
സന്തോഷത്തിന്‍റെ മധുരവുമുണ്ടായിരുന്നു,
ജീവിതത്തിന്‍റെ രസക്കൂട്ടുകളില്‍ -
സാന്ത്വനത്തിന്‍റെ  അഭിവാജ്യവുമായിരുന്നു,

എന്നിട്ടും ......


കാലത്തിന്‍റെഅവശതയില്‍

ജീര്‍ണിച്ചമനസ്സുമായി
ജീവിതത്തിന്‍റെ നിറവിലേക്ക്
അലിയാന്‍ ചെന്ന എന്നെ
ചവച്ചരച്ച് തുപ്പിയില്ലേ.....

Sunday, December 21, 2014

വേര്

എവിടെയെന്നറിയാത്ത തെരുവു വീഥിയില്‍
വീണു കിടന്നൊരാ വിത്തില്‍ നിന്നും 
പൊട്ടിമുളച്ചു തളിര്‍ത്തു..... 


വരള്‍ച്ചയില്‍ വരണ്ടുണങ്ങിയ 
അമ്മതന്‍ മാറില്‍ നിന്നും 
ചുടുകാറ്റിന്‍ അലകളോടുങ്ങാത്ത
ആഴങ്ങളിലേക്ക് പറിച്ചു നട്ടു, 
മരുപ്പച്ചയില്‍ ആഴ്ന്നിറങ്ങി 
തണല്‍ വിരിച്ച പാതകളോരുക്കി
നിവര്‍ന്നു നിന്നു.....

മര്‍മ്മരം മൂളുന്ന ഇലകളും,
നിറങ്ങളാല്‍ വിരിഞ്ഞ സുഗന്ധ -
ഗന്ധികളായ പൂക്കളും, 
കായ്കളും കനികളും വസന്തവും
തിരികെ വന്ന നാളുകള്‍.......

വീണ്ടുമൊരു വരള്‍ച്ചയില്‍ 
വേരറ്റു പോവാതെ, 
തലമുറകള്‍തന്‍ 
ജീവന്‍റെ തുടിപ്പുകള്‍ 
ശോഷിക്കാതിരിക്കാന്‍
കണ്ണീരുണങ്ങാത്ത ആഴങ്ങളിലേക്ക് 
ആരാലും തിരിച്ചറിയിപ്പെടാതെ
ആഴ്ന്നിറങ്ങി കൊണ്ടേയിരുന്നു.

പ്രണയം

അവസാനം ഞാന്‍ കാത്തിരുന്ന
നാളുകള്‍ വന്നെത്തി........
ഞാന്‍ ആഗ്രഹിച്ച, ഞാന്‍ സ്വപ്നം കണ്ട
സ്നേഹത്തിന്‍റെ പരിലാളനങ്ങള്‍
അലിഞ്ഞു ചേര്‍ന്ന നാളുകള്‍.....


ഇന്നെനിക്ക് സമയമില്ല ഒന്നിനും
ഓരോ നിശ്വാസത്തിലും നീ മാത്രം,
സെക്കന്റുകളും മണിക്കൂറുകളും
കാലമായി മാറുന്ന
ചിന്തതന്‍ ഇടനാഴികളില്‍,
നിന്‍ പാദസ്പര്‍ശം പതിയുന്ന
താളത്തിലിന്നെന്‍ കരള്‍ തുടിക്കുന്നു
നിന്നിലലിയാന്‍........
നിന്നിലലിഞ്ഞില്ലാതാവാന്‍..

മരണമിന്നെന്‍ പൂമുഖപ്പടിയില്‍
വന്നിരുന്നാലും ഞാന്‍
അതിനെ സന്തോഷത്താല്‍ വരിക്കും
കാരണം നീയെന്നെ തിരിച്ചറിഞ്ഞല്ലോ
എന്നിലെ സ്നേഹത്തിന്‍ ആഴം
ആളെന്നെടുത്തല്ലോ......

ഇനിയൊന്നും നേടുവാനശയില്ലാത്തൊ-
രെന്‍ ജീവിതത്തില്‍
കാലമൊരുപാട് ജീവിച്ചു തീര്‍ക്കണ-
മെനിക്കിനിയും നിന്‍റെ കൂടെ....
നിന്നിലെ മോഹങ്ങള്‍ പ്രണയമായ്
തളിരിടുന നിമിഷങ്ങള്‍തന്‍
ആര്‍ദ്രതയില്‍ വിരിയുന്ന
സ്നേഹം മാത്രം മതി
ഇന്നെനിക്ക് ജീവിക്കാന്‍.....

ആദ്യ രാത്രി

ആകാശ നീലിമയില്‍ അസ്തമയസൂര്യന്‍റെ 
ചുവപ്പ് മാഞ്ഞു തുടങ്ങിയിരിക്കുന്നു, 
ഇരുട്ടിനെ പുണരാന്‍ വെമ്പിനില്‍ക്കുന്ന 
ഭൂമിയുടെ കവിള്‍ത്തടങ്ങളില്‍
ചുമ്പിക്കാനൊരുങ്ങുന്ന നിലാവെളിച്ചവും
കുളിരലകളുടെ കൂട്ടുമായി എന്നെ തഴുകി
തലോടുന്ന ഇളം കാറ്റുമുള്ള സന്ധ്യാ നേരം...

ഓമനത്തം തുളുമ്പുന്ന അവളുടെ മുഖം
ഞാനെന്‍റെ കൈകളാല്‍ തലോടിയതും
ചുവന്നു തളിര്‍ത്ത ചുണ്ടുകളില്‍
വിതുമ്പലായിരുന്നു ആദ്യം,
പിന്നീടതൊരു കരച്ചിലിലേക്കുള്ള
വഴിമാറ്റവും..

കരച്ചിലായിരുന്നു അവള്‍ക്ക്
ആ സന്ധ്യ മുഴുവന്‍
അവളുടെ കരച്ചിലിന്‍റെ
അലയൊടുങ്ങാത്ത തേങ്ങലുകള്‍
എന്‍ ഹൃദയത്തിന്‍ ഭിത്തിയില്‍
നനവുതിര്‍ന്നൊരു കുളിരു കോരിയിട്ടു,

ചുരത്താന്‍ വെമ്പിയ എന്‍ മാറിടത്തിലെ
നിധി കുംഭങ്ങളിലൊന്നില്‍ അവളുടെ
ചുണ്ടുകള്‍ ചേര്‍ത്തു പിടിച്ചപ്പോള്‍
ഞാനനുഭവിച്ച നിര്‍വൃതി ..... ഹോ,,

എനിക്കൊരു മകള്‍ പിറന്നതിന്‍റെ ,
ആദ്യമായ് ഞാനൊരു അമ്മയായതിന്‍റെ
ആദ്യ രാത്രിയായിരുന്നു അന്ന്‍ ..
അമ്മയെന്ന മാധുര്യത്തിന്‍റെയും സഹനത്തിറെയും
സകല ഭാവങ്ങളും എന്നിലേക്കാവാഹിച്ച
ആദ്യ രാത്രി ..

Saturday, December 7, 2013

ഓര്‍മ്മയില്‍ ഒരു മഴത്തുള്ളി

മോഹങ്ങള്‍ മാത്രമാണ് എല്ലാ പരിശുദ്ധ പ്രണയത്തിന്റെയും അടിത്തറ,  

അല്ലെങ്കില്‍ മോഹം തന്നെയാണ് പ്രണയം.

അന്നുണ്ടായിരുന്ന എന്നിലെ മോഹത്തെ ഇന്നും ഞാന്‍ 

ഓര്‍മ്മകളാ ക്കി എന്‍ ഹൃദയത്തിന്‍ ചിപ്പിയില്‍ സൂക്ഷിക്കുന്നു.

ഒത്തിരി മേഘവര്‍ഷങ്ങള്‍ പെയ്തൊഴിഞ്ഞിട്ടും ഇത്തിരി നേരം - 

മഴയില്‍ കുതിര്‍ന്ന, ആ ഇടവഴികളിലൂടെ നടക്കുമ്പോള്‍,

മിഴികള്‍ മറന്ന ആ ഓര്‍മ്മകള്‍ക്ക് ജീവനുണ്ടായിരുന്നെങ്കിലെന്ന്

ഇന്നും ഞാന്‍ വെറുതേ ആഗ്രഹിക്കാറുണ്ട്...

(എന്തൊക്കെയോ എവിടെയൊക്കെയോ എങ്ങനെയൊക്കെയോ )?????

Thursday, September 12, 2013

ഞാന്‍ അല്ലെങ്കില്‍ ഞാനും എന്‍റെ വല്യുപ്പയും

ഒരു വലിയ തറവാടിലെ ഏറ്റവും ചെറിയ മകന്‍റെ വലിയ മകനായി ജനിച്ചതിനാല്‍ വല്യുപ്പയുടെ ലാളനയും സ്നേഹവും എനിക്ക് കൂടുതല്‍ കിട്ടിയിരുന്നു, എന്നിലെ വല്യുപ്പയുടെ അമിതമായ കരുതല്‍ കാരണം ചെറുപ്പത്തിന്റെ കുസ്രതികള്‍ ഒന്നും തന്നെ എന്നിലുണ്ടായിരുന്നില്ല. അങ്ങനെ തറവാട്ടിലെ ഓമനക്കുട്ടിയായി ഞാന്‍ വളര്‍ന്നുകൊണ്ടിരിക്കുന്നതിനടയില്‍ എന്‍റെ രണ്ടാമത്തെ വയസ്സില്‍ എനിക്കൊരു അനുജത്തി പിറന്നു. എന്നിട്ടും എന്നിലെ സ്വാതന്ത്ര്യത്തിന്‍റെ കൂച്ചുവിലങ്ങ് എനിക്ക് പൊട്ടിക്കാനയില്ല, വീണ്ടും കൃത്യമായ രണ്ടു വര്‍ഷത്തെ ഇടവേളയില്‍ എനിക്കൊരു അനിയത്തികൂടി പിറന്നു. പിന്നെയും ഒരു വര്‍ഷം കൂടെ കൊഴിഞ്ഞു. 
                                         
                                       എനിക്ക് അഞ്ചു വയസ്സ്, എന്നെ സ്കൂളില്‍ ചേര്‍ക്കുന്ന സമയം, വാനില്‍ പോകുന്ന സ്കൂളില്‍ ചേരണമെന്ന എന്നുടെ അതിയായ ആഗ്രഹത്തെ എന്നോടുള്ള സ്നേഹക്കൂടുതലോ അമിതമായ എന്നിലുള്ള കരുതലോ ആവാം എന്നുടെ വല്യുപ്പ അതിശക്തമായിത്തന്നെ എതിര്‍ത്തു. തൊട്ടടുത്തുള്ള L.P സ്കൂളില്‍ എന്നെ ചേര്‍ത്തു. എന്നും രാവിലെ മദ്രസ്സയിലും പിന്നീട് സ്കൂളിലും കൊണ്ടാക്കുന്ന ചുമതല വല്യുപ്പ സ്വയം ഏറ്റെടുത്തു. സ്കൂളിലെ കൂട്ടുകാരോടൊപ്പമാണ് എന്നുടെ കളികള്‍ തുടങ്ങുന്നത്. സ്കൂള്‍ വിട്ടതിനു ശേഷം വീണ്ടും വല്യുപ്പയുടെ നിഴലില്‍ വൈകുന്നേരം കാറ്റുകൊള്ളാന്‍ റോട്ടില്‍ ഇറങ്ങിയിരിക്കും. റോഡിലൂടെ പോകുന്നവരെല്ലാം വല്യുപ്പയോട്‌ കുശലം പറയുകയും എന്നെ താലോലിക്കുകയും ചെയ്യുമ്പോഴെല്ലാം എന്‍റെ കണ്ണുകള്‍ തൊട്ടപ്പുറത്തെ മുറ്റത്ത്‌ കളിച്ചുകൊണ്ടിരിക്കുന്ന കുട്ടികളിലായിരിക്കും. ആകെ എനിക്കു സന്തോഷം വെള്ളിയാഴ്ചയാവുമ്പോഴായിരുന്നു, പ്രധാന കാരണം സ്കൂളും മദ്രസയും ഇല്ല എന്നത് തന്നെ പിന്നെ ഒരു പത്തു മണിയാവുമ്പോ പൊറോട്ടയും ഇറച്ചിക്കറിയും കിട്ടും, അന്നൊക്കെ പൊറോട്ടയും ബിരിയാണിയുമൊക്കെ വിശേഷ ദിവസങ്ങളില്‍ മാത്രമേ കിട്ടുകയുള്ളൂ. അതു കഴിഞ്ഞ് പള്ളിയില്‍ പോയിവന്ന്‍ ഒരു മൂന്നു മണിയാവുമ്പോ അങ്ങാടിയിലുള്ള പോസ്റ്റ്‌ ഓഫീസില്‍ ചെന്നിരിക്കും. അവിടുത്തെ ഉധ്യോഗസ്ത്തരെല്ലാം വല്യുപ്പയുടെ സുഹ്ര്‍ത്തുക്കലായിരുന്നു, എന്ത് കൊണ്ടെന്നറിയില്ല അവിടെ പോകുന്നത് എനിക്ക് ഭയങ്കര ഇഷ്ടമായിരുന്നു. അവരുടെ വകയുള്ള പരിപ്പുവടയും ചായയും അങ്ങാടിയുടെ ബഹളങ്ങളും കത്തില്‍ സീല്‍ വെക്കുന്ന തക് തക് ശബ്ദവും അതിനുള്ളില്‍ എവിടെയും ഓടിനടക്കാനുള്ള സ്വാതന്ത്ര്യവും എന്നെ അവിടേക്ക് വല്ലാതെ ആകര്‍ഷിച്ചു. ഇത് എല്ലാ ആഴ്ചയിലും ഉള്ള പതിവ്‌ ആയതിനാല്‍ എന്നും വെള്ളിയാഴ്ച ആയെങ്കിലെന്ന്‍ ഞാന്‍ ഒരുപാട് ആഗ്രഹിച്ചിരുന്നു. 
                                                അങ്ങനെ ആഴ്ചകളും മാസങ്ങളും കടന്നു പോയി ഒന്നാം ക്ലാസ്സ്‌ കഴിഞ്ഞു ഞാന്‍ രണ്ടാം ക്ലാസ്സിലെത്തി. പക്ഷെ അതിനിടയില്‍ എന്‍റെ ഉപ്പ ഗള്‍ഫില്‍ പോയതിനാല്‍ എന്‍റെ രണ്ടാം തരം മലപ്പുറത്തുള്ള എന്‍റെ ഉമ്മാന്‍റെ വീടിനടുത്തുള്ള സ്കൂളിലേക്ക് മാറ്റപ്പെട്ടിരുന്നു. സ്വാതന്ത്ര്യത്തിന്‍റെ നാളുകള്‍., കളിക്കാന്‍ ഇഷ്ട്ടം പോലെ സമയവും കൂട്ടുകാരും വല്യുപ്പാന്റെ നിയന്ത്രണമില്ലാത്ത വൈകുന്നേരങ്ങള്‍ എല്ലാം ഞാന്‍ നന്നായിത്തന്നെ ആസ്വദിച്ചു. ഇടക്ക് വല്യുപ്പ കാണാന്‍ വരുന്നതും ഓണവും ക്രിസ്തുമസ് വെക്കെഷനും മാത്രമായി വല്യുപ്പയുമായുള്ള ബന്ധം. അങ്ങനെ രണ്ടു വര്‍ഷങ്ങള്‍ കഴിഞ്ഞു. ഉപ്പ ഗള്‍ഫ്‌ നിര്‍ത്തി നാട്ടില്‍ തന്നെ ബിസിനെസ്സ്‌ തുടങ്ങി എന്‍റെ കുട്ടിക്കാലം വീണ്ടും വല്യുപ്പയുടെ കരങ്ങളില്‍ തന്നെ തളക്കപ്പെട്ടു. 


                                               നാലാം ക്ലാസ്സിലേക്ക് വീണ്ടും പുതിയ സ്കൂള്‍, പക്ഷെ വല്യുപ്പയുടെ കരങ്ങള്‍ക്ക്‌ പഴയ കടും പിടുത്തം ഇല്ലായിരുന്നു. ഒറ്റക്ക് സ്കൂളില്‍ പോകാം, മഴയും വെയിലും കൊണ്ട് കൂട്ടുകാരോടൊപ്പം ആടിയും പാടിയും ഇടവഴികളിലെ കാഴ്ചകള്‍ ആസ്വദിച്ചും പൂമ്പാറ്റയോടും പൂമൊട്ടുകളോടും കുശലം പറഞ്ഞും എന്നും സ്കൂളില്‍ പോകാന്‍ നേരം വല്യുപ്പ തരുന്ന ഒരു രൂപക്ക്‌ മിട്ടായി വാങ്ങിത്തിന്നും വൈകുന്നേരങ്ങളില്‍ വല്യുപ്പയുടെ കണ്‍മുന്നിലാണെങ്കിലും കൂട്ടുകാരോടൊപ്പം കളിച്ചും ചിരിച്ചും വെള്ളിയാഴ്ച്ചയിലെ പതിവിനു മാത്രം മാറ്റം വരാതെ ഒരു ഒന്നര വര്‍ഷം കടന്നു പോയി. 
                                                ഞാന്‍ ആറാം ക്ലാസ്സിലെത്തിയപ്പോഴേക്കും വല്യുപ്പ രോഗശയ്യയിലായിരുന്നു, എങ്കിലും എന്‍റെ സ്കൂളില്‍ പോകുമ്പോഴുള്ള പതിവ്‌ ഒരു രൂപക്ക്‌ ഒരു മുടക്കവും വരുത്തിയിട്ടില്ലായിരുന്നു, കൂടുതല്‍ സ്വതന്ത്രനായെങ്കിലും രാത്രി വല്യുപ്പയുടെ അടുത്ത് കിടക്കണമെന്ന നിര്‍ബന്ധം എന്നെ വല്ലാതെ അസ്വസ്ത്തനാക്കി. മനം മടുപ്പിക്കുന്ന മരുന്നുകളുടെ ഗന്ധവും വല്യുപ്പയുടെ ഞരങ്ങലും മൂളലും നിറഞ്ഞു നില്‍ക്കുന്ന ആ മുറിയില്‍ കിടക്കുന്നത് അന്നത്തെ എന്‍റെ രാത്രികളെ കൂടുതല്‍ ദൈര്‍ഘ്യമേറിയതാക്കി. എങ്കിലും ഉമ്മയുടെ നിര്‍ബന്ധം കാരണം ഞാന്‍ എല്ലാം സഹിച്ചു അവിടെ കിടത്തമാരംഭിച്ചു. 
                                               അങ്ങനെ ദിവസങ്ങള്‍ ആഴ്ചകളായി ആഴ്ചകള്‍ മാസങ്ങളായി എന്‍റെ നാളുകള്‍ കടന്നു പോകവേ ഒരു ദിവസം രാവിലെ ഏകദേശം ഒരു നാലുമണിയോടടുത്ത് വല്യുപ്പ എന്നെ കുലുക്കി വിളിച്ചിട്ട് വെള്ളം വേണമെന്ന്‍ ആങ്ങ്യം കാണിച്ചു. തൊട്ടടുത്ത്‌ പാത്രത്തില്‍ വെള്ളം ഇരിപ്പുണ്ടായിരുന്നെങ്കിലും വല്യുപ്പയുടെ വെപ്പ്രാളം കണ്ട് ഞാന്‍ ഉമ്മയെ വിളിക്കാനോടി. 

                                               ഉമ്മ ഓടിവന്ന്‍ വല്യുപ്പാക്ക് വെള്ളം കൊടുക്കുന്നതും നോക്കി തൊട്ടടുത്ത്‌ തന്നെ ഞാനും നിന്നു. വെള്ളം കുടിച്ച് വല്യുപ്പ എന്‍റെ കയ്യില്‍ പിടിച്ച് എന്നെ നോക്കി ഒന്നു പുഞ്ചിരിച്ചതും ഉമ്മാന്‍റെ അലറിയുള്ള കരച്ചിലും ഒരുമിച്ചായിരുന്നു. ഒന്നും മനസ്സിലാകാതെ നിന്ന എന്നെ കെട്ടിപ്പിടിച്ച് വല്യുപ്പ പോയെടാ എന്ന്‍ ഉമ്മ അലറിക്കരയുമ്പോള്‍ തൊട്ടപ്പുറത്തെ പള്ളിയില്‍ നിന്നും ഉയര്‍ന്നു വരുന്ന സുബഹി ബാങ്കിന്‍റെ ശബ്ദം എനിക്ക് കേള്‍ക്കാമായിരുന്നു.................